ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
വല്ലം എന്നാൽ ജലത്താൽ ചുറ്റപ്പെട്ട ചതുപ്പ് പ്രദേശം അത് ഒരു പുഴ പോലെ തോന്നിക്കും അതിൽനിന്നും വല്ലപ്പുഴ എന്ന പേര് ലഭിച്ചു ഇപ്പോൾ ആ ഭാഗങ്ങൾ നെൽകൃഷി ചെയ്യുന്ന സ്ഥലങ്ങൾ ആയി മാറിയിരിക്കുന്നു വടക്കിനിയേടത്ത് കിരങ്ങട്ട് മനക്കാർക്ക് സാമൂതിരി രാജാവിനാൽ ദാനം ചെയ്യപ്പെട്ടതായ വല്ലപ്പുഴ ദേശം വടക്കിനിയേടത്ത് ഗ്രാങ്ങാട്ട് മനയിലെ സ്താനിമാരായ നമ്പൂതിരിമാർ ഭരിച്ചിരുന്ന പ്രദേശമായിരുന്നു വല്ലപ്പുഴ. അഞ്ച് അമ്പലങ്ങളും അതിനുകീഴിൽ വരുന്ന 24 ക്ഷേത്രങ്ങളും, ഭൂസ്വത്തുക്കളും സാമൂതിരി രാജാവ് സ്ഥാനിമാരായ ദേശമംഗലം മനക്കാർക്കും വടക്കിനിയേടത്ത് നമ്പൂതിരിപ്പാടൻമാർക്കുമായി ഏൽപ്പിച്ചുകൊടുക്കുകയായിരുന്നു. ഇ.എം.എസിന്റെ മാതൃഗൃഹമാണ് ഈ മന. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ചൂരക്കോട് പഞ്ചായത്ത് പടിയിൽ പ്രവർത്തിച്ചിരുന്ന അഞ്ചാം തരം വരെയുള്ള “വല്ലപ്പുഴ ബോർഡ് ബോയ്സ് സ്ക്കൂൾ” ആയിരുന്നു. പ്രസ്തുത സ്ക്കൂളാണ് ഇന്നത്തെ ഗവ.ഹൈസ്കൂൾ ആയി ചൂരക്കോട് പ്രവർത്തിക്കുന്നത്. പിന്നീട് കുറുവട്ടൂർ കെ.സി.എം.എച്ച്.ഇ.സ്ക്കൂളും കൃഷ്ണവിലാസം എൽ.പി.സ്ക്കൂളും, ഭാസ്കരവിലാസം എൽ.പി.എസ് തുടങ്ങിയവയും സ്ഥാപിക്കപ്പെട്ടു. പഞ്ചായത്തിലെ ആദ്യ ഹൈസ്ക്കൂളായ വല്ലപ്പുഴ ഹൈസ്ക്കൂൾ 1950 ജൂൺ 21-നായിരുന്നു സ്ഥാപിക്കപ്പെട്ടത്. വല്ലപ്പുഴയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായ ഈ വിദ്യാലയം സ്ഥാപിച്ചത് കെ.വി.രാധാകൃഷ്ണൻനായരായിരുന്നു. 19-ാം നൂറ്റാണ്ടിൽ പഞ്ചായത്തിൽ അഞ്ചലാപ്പീസ് എന്ന “പോസ്റ്റോഫീസ്” സ്ഥാപിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന നിലമ്പൂർ- ഷൊർണ്ണൂർ റെയിൽവേ ലൈനിലെ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടു. വളരെക്കാലം മുൻപു മുതൽക്കു തന്നെ വല്ലപ്പുഴ കാർഷികമേഖലയായിരുന്നു. പഞ്ചായത്തിന്റെ കിഴക്കും പടിഞ്ഞാറും അതിർത്തിയിലെ മലകളുടെ ഇടയ്ക്കുള്ള ഭുവിഭാഗത്തിൽ ചെറിയ കുന്നുകളും ഉയർന്ന പ്രദേശങ്ങളും അവിടവിടെയായി ഉണ്ടെങ്കിലും ഭൂരിഭാഗവും നെൽപ്പാടങ്ങളായിരുന്നു. രണ്ട് പ്രധാനതോടുകളും അവയുടെ കൈവഴികളുമാണ് പ്രധാനമായും നെൽകൃഷിയ്ക്കുള്ള ജലസ്രോതസ്സുകൾ. നെൽകൃഷിക്കു പുറമെ തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി, കശുമാവ്, കുരുമുളക്, റബ്ബർ, ഇഞ്ചി, മഞ്ഞൾ, ചേന എന്നിവയും വിവിധ പച്ചക്കറിയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ടായിരുന്നു. പഞ്ചായത്തിൽ ഇന്ന് ഏറ്റവും പഴക്കമുള്ള വായനശാല കൃഷ്ണവിലാസം സ്ക്കൂളിന് സമീപം പ്രവർത്തിക്കുന്ന വിവേകാനന്ദ വായനശാലയാണ്.പുതൻ, തിറ, അയ്യപ്പൻ പാട്ട്, പരിചമുട്ടുകളി തുടങ്ങിയ അനുഷ്ടാന കലകൾക്കു പുറമേ ബ്രാഹ്മണർക്കിടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന സംഘക്കളിയുടെ നടത്തിപ്പിനുള്ള അവകാശക്കാരായി മേക്കാട്ടു മന, ഉള്ളാമ്പുഴ മന എന്നിവ ഈ പ്രദേശത്താണ് മേക്കാട്ടു മനകൃഷ്ണൻ നമ്പൂതിരി സംഘക്കളിയുടെ നാലു പാദത്തിലും രാമൻ നമ്പൂതിരി സംഘക്കളിയിലെ വെളിച്ചപ്പാടായും വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.